മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാകും. രാവിലെ 9.30 ന് കോട്ടപ്പടി സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മഴങ്ങും. ഗ്രൂപ്പ് എ യിലെ പഞ്ചാബും ബംഗാളും തമ്മിലാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം.
വൈകീട്ട് എട്ടിന് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. ടൂര്‍ണമെന്റിന്റെ ഔദ്യാഗിക ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ 16 ന് 7.00 മണിക്ക് പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടക്കും. ചടങ്ങ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യും.
യു.എ. ലത്തീഫ് എംഎല്‍എ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് ചടങ്ങിന് വിശിഷ്ടാതിഥിയാകും. ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ് എന്നിവര്‍ സന്നിഹിതരാകും.