കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജിവച്ചു; രാജി സ്വീകരിച്ച് മുഖ്യമന്ത്രി ബൊമ്മെ

കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജിവച്ചു; രാജി സ്വീകരിച്ച് മുഖ്യമന്ത്രി ബൊമ്മെ

ബെംഗളൂരു: ബില്ലുകള്‍ മാറാന്‍ മന്ത്രി കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ഗ്രാമ വികസന മന്ത്രി കെ.എസ്. ഈശ്വരപ്പ രാജി വച്ചു. രാജി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സ്വീകരിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ഈശ്വരപ്പയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് രാജിക്കത്ത് നല്‍കുമെന്ന് ഈശ്വരപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കരാറുകാരന്റെ മരണത്തില്‍ ഈശ്വരപ്പയെ പ്രതി ചേര്‍ത്തിട്ടുണ്ട്. ആത്മഹത്യ ചെയ്ത സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് പാട്ടീല്‍ ആണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി ഉഡുപ്പി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈശ്വരപ്പയ്‌ക്കെതിരേ കേസെടുത്തതും പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങിയതും. ഈശ്വരപ്പയുടെ സഹായി 40 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സന്തോഷ് പാട്ടീല്‍ ആരോപിച്ചത്. ഇയാളെ ഉഡുപ്പിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.