ന്യൂഡല്‍ഹി: ക്രിക്കറ്റ് പിച്ചില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന ഹര്‍ഭജന്‍ സിംഗിന്റെ ആദ്യ തീരുമാനത്തിന് കൈയടിച്ചിരിക്കുകയാണ് ആരാധകര്‍. ആംആദ്മി പാര്‍ട്ടി പ്രതിനിധിയായി രാജ്യസഭ എംപിയായ ഹര്‍ഭജന്‍ തന്റെ ശമ്പളം കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തീരുമാനം വെളിപ്പെടുത്തിയത്. രാജ്യത്തെ കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ആ പണം വിനിയോഗിക്കുമെന്നും രാജ്യത്തിന്റെ വികസനത്തിനായിട്ടാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
ഹര്‍ഭജന്റെ തീരുമാനത്തെ രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായ താരമാണ് ഹര്‍ഭജന്‍. കഴിഞ്ഞ മാസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്ന് അഞ്ചുപേരെ വിജയിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് സാധിച്ചിരുന്നു.