ന്യൂഡല്‍ഹി: ഒരിടവേളയ്ക്കു ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നാലു പേര്‍ മരിച്ചു. ഡല്‍ഹിയില്‍ മാത്രം 461 പേര്‍ക്കാണ് രോഗബാധ.
ഡല്‍ഹിയില്‍ പുതുതായ ചികിത്സ തേടിയവരില്‍ 27 ശതമാനവും കുട്ടികളാണ്. സ്‌കൂളുകള്‍ പൂര്‍ണമായി തുറന്നതോടെയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറിയോ, ഒരു പ്രത്യേക വിഭാഗമോ താല്‍ക്കാലികമായി അടച്ചിടും. പ്രത്യേക സാഹചര്യമുണ്ടായാല്‍ സ്‌കൂളുകള്‍ പൂര്‍ണമായി അടച്ചിടുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഡല്‍ഹിയില്‍ ടിപിആര്‍ നിരക്ക് 5.33 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് നാലില്‍ താഴെയായിരുന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധവാണ്. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 26,158 ആയി. രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലും കോവിഡ് ഉയരുകയാണ്.