മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ തകര്‍ത്ത് മണിപ്പൂര്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മണിപ്പൂരിന്റെ ജയം. മണിപ്പൂരിനായി നഗറിയാന്‍ബം ജെനിഷ് സിംങ്, ലുന്മിന്ലെന് ഹോകിപ്, എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. മൂന്നാം ഗോള്‍ സര്‍വീസസ് പ്രതിരോധ താരം സുനില്‍ സെല്‍ഫ് ഗോളാണ്.
മത്സരം ആരംഭിച്ച് മിനുട്ടുകള്‍ക്കകം മണിപ്പൂര്‍ ലീഡ് എടുത്തു. അഞ്ചാം മിനുട്ടില്‍ മണിപ്പൂര്‍ താരം നഗറിയാന്‍ബം ജെനിഷ് സിംങിന്റെ വകയായിരുന്നു ഗോള്‍. ഇടതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് സെക്കന്റ് പോസ്റ്റിന്റെ കോര്‍ണറിലേക്ക് അതിമനോഹരമായി അടിച്ചു കയറ്റുകയായിരുന്നു. അന്‍പതാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ത്തി നല്ക്കിയ പന്ത് ലുന്മിന്ലെന് ഹോകിപ് ഹെഡിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 74 ാം മിനുട്ടില്‍ സര്‍വീസസ് പ്രതിരോധ താരം മലയാളിയായ സുനില്‍ ബിയുടെ സെല്‍ഫ് ഗോളിലൂടെ മണിപ്പൂര്‍ ലീഡ് മൂന്നാക്കി. ഗോളെന്ന് ഉറപ്പിച്ച അവസരം പ്രതിരോധിക്കാന്‍ ശ്രമിക്കവെയാണ് സെല്‍ഫ് ഗോള്‍ പിറന്നത്. തുടര്‍ന്നും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.