ഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമ പ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
അലഹബാദ് ഹൈക്കോടതി ഫെബ്രുവരിയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി ജാമ്യം റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ല.