ഗുവഹാത്തി: ഭാവി പ്രതീക്ഷയായിരുന്ന യുവ ടേബിള്‍ ടെന്നീസ് താരം വിശ്വ ദീനദയാലന്‍ (18) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച ഗുവഹാത്തിയില്‍ നിന്ന് ഷില്ലോംഗിലേക്ക് ടാക്സിയില്‍ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു അപകടം.
തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന 83-ാമത് സീനിയര്‍ ദേശീയ അന്തര്‍ സംസ്ഥാന ടേബിള്‍ ടെന്നീസ് ചാംപ്യന്‍ഷിപിനായി ടീമംഗങ്ങള്‍ക്കൊപ്പം പോകുകയായിരുന്നു തമിഴ്‌നാട് സ്വദേശിയായ വിശ്വ.
കൂടെയുണ്ടായിരുന്ന രമേഷ് സന്തോഷ് കുമാര്‍, അബിനാഷ് പ്രസന്നജി ശ്രീനിവാസന്‍, കിഷോര്‍ കുമാര്‍ എന്നീ താരങ്ങളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകപടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ടാക്‌സി ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.
നിരവധി ദേശീയ റാങ്കിംഗ് കിരീടങ്ങളും മെഡലുകളുമുള്ള കളിക്കാരനാണ് വിശ്വ. ഏപ്രില്‍ 27 മുതല്‍ ഓസ്ട്രിയയിലെ ലിന്‍സില്‍ നടക്കുന്ന ഡബ്ല്യുടിടി യൂത്ത് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു താരം. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ദീനദയാലന്‍ വിശ്വയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.