സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമിച്ച് ബോറിസ് ജോണ്‍സണ്‍

സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമിച്ച് ബോറിസ് ജോണ്‍സണ്‍

അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഹമ്മദാബാദിലെത്തി. ഇന്ന് രാവിലെ അഹമ്മദാബാദില്‍ വിമാനമിറങ്ങിയ അദ്ദേഹത്തിന് ഹോട്ടല്‍ വരെയുള്ള നാല് കിലോമീറ്റര്‍ യാത്രയില്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത് എന്നിവര്‍ ചേര്‍ന്നാണ് ബോറിസ് ജോണ്‍സണെ സ്വീകരിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും സന്നിഹിതരായിരുന്നു. വിമാനത്താവളത്തിലും റോഡരികിലും പരമ്പരാഗത ഗുജറാത്തി നൃത്തങ്ങളും സംഗീതവും അവതരിപ്പിച്ച സംഘങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു.



സബര്‍മതി ആശ്രമത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി അവിടെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാനും ശ്രമം നടത്തി. സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശനത്തിന് ശേഷം സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, 'ലോകത്തെ മികച്ചതാക്കാന്‍ എങ്ങനെ ഗാന്ധിജി സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങള്‍ സമാഹരിച്ചുവെന്ന് മനസിലാക്കാന്‍, ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്'.

ഒരു ദിവസം ഗുജറാത്തില്‍ തങ്ങുന്ന ബോറിസ് ജോണ്‍സണ്‍ സംസ്ഥാനത്തെ ബിസിനസ് തലവന്‍മാരുമായി ചര്‍ച്ച നടത്തും. ഗുജറാത്ത് സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.