ഗാന്ധിനഗര്‍: പട്ടേല്‍ സമുദായത്തിലെ അതിശക്തനായ നരേഷ് പട്ടേലിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ് അധികം വൈകില്ല. ഇന്ന് സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുന്ന നരേഷ് തന്റെ പാര്‍ട്ടി പ്രവേശന കാര്യത്തില്‍ പ്രഖ്യാപനം നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പട്ടേല്‍ വിഭാഗത്തില്‍ വലിയ സ്വാധീനമുള്ള നേതാവാണ് നരേഷ്. കഴിഞ്ഞ കുറെ നാളുകളായി ബിജെപിയും ആംആദ്മി പാര്‍ട്ടിയും നരേഷിനെ പാര്‍ട്ടിയിലെത്തിക്കാന്‍ കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു. ശ്രീ കൂടല്‍ധാം ട്രസ്റ്റ് എന്ന സംഘടനയുടെ പ്രസിഡന്റാണ് നരേഷ് പട്ടേല്‍. സമുദായത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം ഈ ട്രസ്റ്റിന് കീഴിലാണ്.
നരേഷ് വരുന്നതോടെ പട്ടേല്‍ വോട്ടുകളെല്ലാം കീശയിലാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഗുജറാത്തില്‍ വലിയ സ്വാധീനമുള്ള വിഭാഗമാണ് പട്ടേല്‍ കമ്മ്യൂണിറ്റി. പല മണ്ഡലങ്ങളിലും വിജയപരാജയങ്ങളെ നിര്‍ണയിക്കാന്‍ ഈ സമുദായത്തിന് സാധിക്കും.
അതേസമയം നേതൃത്വത്തിനെതിരേ നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്ന പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപിയെയും നരേന്ദ്ര മോഡിയെയും ഹാര്‍ദിക് പ്രശംസിച്ചിരുന്നു. യുവനേതാവ് ബിജെപിയിലേക്ക് പോകുമെന്നും അഭ്യൂഹങ്ങളുണ്ട്.