മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ പഞ്ചാബിന് ജയം. സെമി ഫൈനല്‍ യോഗ്യത നഷ്ടപ്പെട്ട പഞ്ചാബ് മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി ആറ് പോയിന്റോടെ പഞ്ചാബ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
നാല് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പില്‍ നാലാമത്. എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാനാണ് ്ഗ്രൂപ്പില്‍ അഞ്ചാമത്. നേരത്തെ തന്നെ ഗ്രൂപ്പ് എയില്‍ നിന്ന് കേരളവും വെസ്റ്റ് ബംഗാളും സെമി ഫൈനല്‍ യോഗ്യത ഉറപ്പിച്ചിരുന്നു.
കളിയുടെ രണ്ടാംപകുതിയുടെ തുടക്കത്തിലാണ് പഞ്ചാബ് വിജയഗോള്‍ നേടിയത്. മധ്യനിരയില്‍ നിന്ന് ഇന്ദ്രവീര്‍ സിങ് നല്‍കിയ പാസില്‍ അമര്‍പ്രീത് സിങിന്റെ വകയായിരുന്നു ഗോള്‍. ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നു കളിച്ച മേഘാലയക്ക് ഗോളൊന്നും നേടാന്‍ സാധിച്ചില്ല.