ലക്‌നൗ: രണ്ടാം വട്ടവും അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മേലുള്ള നിയന്ത്രണം ശക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മന്ത്രിമാരും ഉദ്യോഗസ്ഥരും നിര്‍ബന്ധമായും മൂന്നു മാസത്തിലൊരിക്കല്‍ സ്വത്ത് വെളിപ്പെടുത്തണം. ഇവര്‍ക്കൊപ്പം അടുത്ത ബന്ധുക്കളും സ്വത്ത് വെളിപ്പെടുത്താന്‍ തയാറാകണമെന്നും യോഗി ഉത്തരവിട്ടിട്ടുണ്ട്.
ഐഎഎസ്, ഐപിഎസ്, പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങള്‍ പരസ്യപ്പെടുത്തണം. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ ഇടപെടരുത്. മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള പെരുമാറ്റച്ചട്ടം പാലിക്കണം. സര്‍ക്കാര്‍ ജോലിയില്‍ കുടുംബാംഗങ്ങളുടെ ഇടപെടല്‍ ഇല്ലെന്ന് എല്ലാ മന്ത്രിമാരും ഉറപ്പാക്കണമെന്നും യോഗി കര്‍ശന നിര്‍ദേശം നല്‍കി.