കോവിഡ് ഭീഷണി അവസാനിച്ചാല്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും: അമിത് ഷാ

കോവിഡ് ഭീഷണി അവസാനിച്ചാല്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും: അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബംഗാളിലെ സിലിഗുരിയില്‍ നടന്ന റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് ഈ നിയമം നടപ്പിലാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യാജ പ്രചാരണം നടത്തുകയാണ്. കോവിഡ് കാലം കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അമിത് ഷാ പറഞ്ഞു. സിഎഎ ഒരു യാഥാര്‍ഥ്യമാണെന്നും അത് നടപ്പിലാക്കാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം മമത ബാനര്‍ജിയെ ഓര്‍മ്മിപ്പിച്ചു.

ഇതിന് പിന്നാലെ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ മമത ബാനര്‍ജി രംഗത്തെത്തി. എന്തുകൊണ്ടാണ് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാത്തത് എന്ന് മമത ചോദിച്ചു. 2024ല്‍ ഭരണത്തില്‍ എത്താന്‍ പോകുന്നില്ലെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം.

രാജ്യത്തെ ഒരു പൗരാവകാശത്തിന് നേരെയും ഒരു കടന്നുകയറ്റവും അനുവദിക്കാന്‍ കഴിയില്ല. ഐക്യമാണ് നമ്മുടെ ശക്തി. ഒരു വര്‍ഷത്തിന് ശേഷമാണ് അമിത് ഷാ ബംഗാളിലേക്ക് വന്നത്. ഓരോ തവണ വരുമ്പോഴും വിടുവായത്തം പറയുകയെന്നത് അമിത് ഷായുടെ ശീലമാണെന്നും മമത പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.