തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര; പ്രഖ്യാപനവുമായി എം.കെ സ്റ്റാലിൻ

തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ അഞ്ചു  വയസുവരെയുള്ള കുട്ടികള്‍ക്ക്  സൗജന്യ യാത്ര; പ്രഖ്യാപനവുമായി എം.കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ കുട്ടികള്‍ക്കുള്ള സൗജന്യ യാത്രയുടെ പ്രായപരിധി വര്‍ധിപ്പിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇനി മുതല്‍ അഞ്ചുവയസുവരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കാതെ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം എന്നാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം.

ഗതാഗതമന്ത്രി എസ്.എസ് ശിവശങ്കറാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്. ഇതുവരെ മൂന്ന് വയസ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്.

മൂന്ന് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് അരടിക്കറ്റും നല്‍കിയിരുന്നു. ഇനി അ‍ഞ്ചു വയസ് മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ അരടിക്കറ്റ് മതിയാകും.

പ്രതിദിനം കുറഞ്ഞത് മൂന്ന് ലക്ഷം കുട്ടികള്‍ക്കെങ്കിലും പുതിയ തിരുമാനം പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അയല്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും ആറ് വയസ് മുതലാണ് കുട്ടികള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.