മധ്യപ്രദേശില്‍ ഏഴ് പേര്‍ വെന്ത് മരിച്ച സംഭവം; പിന്നില്‍ പ്രണയം നിഷേധിച്ചതിലുള്ള പകയെന്ന് പൊലീസ്

മധ്യപ്രദേശില്‍ ഏഴ് പേര്‍ വെന്ത് മരിച്ച സംഭവം; പിന്നില്‍ പ്രണയം നിഷേധിച്ചതിലുള്ള പകയെന്ന് പൊലീസ്

ലക്‌നൗ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഏഴ് പേര്‍ വെന്ത് മരിച്ച സംഭവത്തിന് പിന്നില്‍ പ്രണയം നിഷേധിച്ചതിലുള്ള പകയെന്ന് പൊലീസ്. യുവതി പ്രണയം നിരസിച്ചതിലുള്ള പകയില്‍ സഞ്ജയ് ദീക്ഷിത് എന്ന യുവാവിന്റെ ചെയ്തിയാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയത്.

മൂന്ന് നില ഫ്‌ളാറ്റിലെ താമസക്കാരിയായിരുന്നു യുവതി. ഫ്‌ളാറ്റിന്റെ പാര്‍ക്കിംങ് ഏരിയയില്‍ വച്ചിരുന്ന യുവതിയുടെ സ്‌കൂട്ടറിന് ഇന്നലെ പുലര്‍ച്ചെ തീ വയ്ക്കുകയും ഇത് പിന്നീട് ഫ്‌ളാറ്റുകളിലേക്ക് ആളി പടരുകയുമായിരുന്നു. ആളുകള്‍ ഉറക്കമായിരുന്നതിനാലാണ് മരണ സംഖ്യ ഇത്രയും കൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രണയം നിഷേധിച്ച യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഇന്‍ഡോര്‍ പൊലീസ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ 3.10 ഓടെയായിരുന്നു സംഭവം. ഇന്‍ഡോറിലെ സ്വവര്‍ണ്‍ ബാഗ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. താമസക്കാര്‍ ഉറങ്ങി കിടക്കുമ്പോളായിരുന്നു തീപിടിത്തം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഒമ്പത് പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.