നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ ഓര്‍ഡിനന്‍സായി പാസാക്കി കര്‍ണാടക; വിമര്‍ശനവുമായി പ്രതിപക്ഷം

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ ഓര്‍ഡിനന്‍സായി പാസാക്കി കര്‍ണാടക; വിമര്‍ശനവുമായി പ്രതിപക്ഷം

ബെം​ഗളൂരു: കര്‍ണാടകയിൽ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ ഓര്‍ഡിനന്‍സായി പാസാക്കാന്‍ മന്ത്രിസഭാ അനുമതി. മതം മാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ചു.

പുതിയ നിയമപ്രകാരം നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയാല്‍ അഞ്ചു വര്‍ഷം തടവ് ശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതം മാറ്റിയാല്‍ മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കും. കൂട്ട മതപരിവര്‍ത്തനത്തിന് പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

ബില്‍ നേരത്തെ നിയമസഭ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ഒരംഗത്തിന്‍റെ കുറവ് ബിജെപിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനനന്‍സായി പാസാക്കാന്‍ തീരുമാനിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലാണ് പ്രത്യേക ഓര്‍ഡിനന്‍സിലൂടെയാണ് പാസാക്കിയത്.

2021 ല്‍ കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം നീട്ടിവച്ച സാഹചര്യത്തില്‍ ബില്‍ ഓര്‍ഡിനന്‍സാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.

അതേസമയം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച്‌ നിയമം പാസാക്കാന്‍ തിടുക്കമെന്തായിരുന്നെന്ന് പ്രതിപക്ഷം ചോദിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലോ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലോ ഒക്കെയാണ് ഓര്‍ഡിനന്‍സ് അവതരിപ്പിക്കേണ്ടതെന്ന് പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.