കൊല്‍ക്കത്ത: ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീം തുടരും. കൊല്‍ക്കത്തയില്‍ നടന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം. മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് റഹീം ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായി ചുമതലയേറ്റത്.
സംസ്ഥാന സെക്രട്ടറിയുടെ ചുമതലയാണ് അദ്ദേഹം അതുവരെ വഹിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡിവൈഎഫ്‌ഐ ദേശീയ ഭാരവാഹിത്വം തുടരുകയായിരുന്നു.
ഹിമാഗ്‌നരാജ് ഭട്ടാചാര്യയാണ് ജനറല്‍ സെക്രട്ടറി. വി.കെ സനോജ് , ജെയ്ക്ക് സി തോമസ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായി. വി വസീഫ് വൈസ് പ്രസിഡന്റായി. കൂടാതെ ചിന്ത ജെറോം, ഷിജുഖാന്‍, ഗ്രീഷ്മ അജയ്‌ഘോഷ് തുടങ്ങിയവരെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.