മുംബൈ: എന്‍സിപി നേതാവ് ശരത് പവാറിനെതിരേ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചെന്ന് ആരോപിച്ച് മറാത്തി നടി കേട്കി ചിതലേയെ താനെ പോലീസ് അറസ്റ്റ് ചെയ്തു. നടി സ്വന്തമായി പോസ്റ്റ് എഴുതുകയായിരുന്നില്ല. മറ്റൊരാള്‍ എഴുതിയ പോസ്റ്റ് സ്വന്തം വാളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
പോസ്റ്റില്‍ ശരത് പവാറിനെക്കുറിച്ച് നേരിട്ടുള്ള പരാമര്‍ശമില്ല, പകരം അദ്ദേഹത്തിന്റെ സര്‍ നെയിം ആണ് ഉപയോഗിച്ചിരിക്കുന്നത്. പവാറിന്റെ പാര്‍ട്ടി ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്ന് അധികാരം പങ്കിടുന്നതിനെക്കുറിച്ചായിരുന്നു പോസ്റ്റിലെ പരാര്‍മശം. അപകീര്‍ത്തി പരാമര്‍ശത്തിനെതിരേ ഐപിസി 500, 501, 502(2), 153എ, എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൂടാതെ ഐടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എന്‍സിപി പ്രവര്‍ത്തകനാണ് പരാതിക്കാരന്‍.
കേട്കിയെ തനിക്കറിയില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അവരെന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി ധാരണയില്ലെന്നും പവാര്‍ പ്രതികരിച്ചു. അവരുടെ പരാതിയെന്താണെന്നു ചോദിച്ച പവാര്‍, നടി എന്താണു ചെയ്തത് എന്നതറിയാതെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി. അതേസമയം നടിയെ അറസ്റ്റ് ചെയ്യിച്ച എന്‍സിപിക്കെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.