ന്യൂഡല്‍ഹി: ഉഷ്ണതരംഗത്തില്‍ വിയര്‍ത്ത് ഡൽഹി. റെക്കോര്‍ഡ് ചൂടാണ് ഞായറാഴ്ച രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്.
ചിലഭാഗങ്ങളില്‍ ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മുന്‍ഗേഷ് പുരിയിലും നജഫ്ഗഡിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
മുന്‍ഗേഷ്പുരില്‍ 49.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ നജഫ്ഗാഹില്‍ 49.1 ഡിഗ്രി സെല്‍ഷ്യസാണു താപനില.
ഡല്‍ഹിയുടെ അയല്‍പ്രദേശമായ ഗുരുഗ്രാമില്‍ 48.1 ഡിഗ്രി സെന്‍ഷ്യസ് എന്ന ഉയര്‍ന്ന താപനിലയും രേഖപ്പെടുത്തി. സഫ്ദര്‍ജങ് നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഡല്‍ഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രത്തില്‍ ഇന്നലെ രേഖപ്പടുത്തിയ പരമാവധി താപനില 45.6 ഡിഗ്രി സെല്‍ഷ്യസാണ്. ഇതോടെ സാധാരണയേക്കാള്‍ അഞ്ചു പോയിന്റ് കൂടി.
ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയിലെത്തി. ശനിയാഴ്ച ഇവിടെ പരമാവധി 44.2 ഡിഗ്രി സെല്‍ഷ്യസാണു രേഖപ്പടുത്തിയത്. ഡല്‍ഹിയില്‍ ഇന്ന് പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചിലപ്പോള്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.