അടങ്ങാത്ത മഴ: ഭൂതത്താന്‍ കെട്ട് ഡാമിന്റെ പത്തു ഷട്ടറുകള്‍ തുറന്നു; കൊച്ചിയില്‍ ദുരന്ത നിവാരണസേന ഇറങ്ങി

അടങ്ങാത്ത മഴ: ഭൂതത്താന്‍ കെട്ട് ഡാമിന്റെ പത്തു ഷട്ടറുകള്‍ തുറന്നു; കൊച്ചിയില്‍ ദുരന്ത നിവാരണസേന ഇറങ്ങി

കൊച്ചി: കേരളത്തില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. സമീപ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

വടക്കന്‍ തമിഴ്‌നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്‌നാട് മുതല്‍ മധ്യപ്രദേശിന് മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കോട്ടയം ജില്ലയിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മീനച്ചില്‍ മണിമല ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. കോഴിക്കോട് രാത്രി തുടങ്ങിയ മഴ രാവിലെയും തുടര്‍ന്നതോടെ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.

ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ രാവിലെ വരെ തുടര്‍ന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി നെടുംകണ്ടത്ത് വീടിന് മുകളിലേക്ക് മരം വീണു. കൊമ്പയാര്‍ സ്വദേശി സുരേഷിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. സുരേഷും കുടുംബവും ഉറങ്ങിക്കിടക്കുമ്പോഴാണ് മരം വീണതെങ്കിലും ആര്‍ക്കും പരിക്കില്ല.

എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കൊച്ചി നഗരത്തിലും മഴക്കെടുതി രൂക്ഷമാണ്. കളമശേരിയിലും തൃപ്പൂണിത്തുറയിലും വീടുകളില്‍ വെള്ളം കയറി. തൃപ്പുണിത്തുറയില്‍ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

എംജി റോഡ്, കലൂര്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനേ തുടര്‍ന്ന് കടകളിലേക്ക് വെള്ളം കയറി. പശ്ചിമ കൊച്ചിയിലും പലയിടത്തും വെള്ളം കയറി.

കൊച്ചിയിലെ വെള്ളക്കെട്ട് മേഖലകളില്‍ ദുരന്ത നിവാരണസേന ഇറങ്ങി. നിവാരണ സേനയുടെ നേതൃത്വത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. ജില്ല, താലൂക്ക്, തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യം, അഗ്നിരക്ഷസേന, പൊലീസ്, തീരദേശ പൊലീസ്, ഫീഷറീസ് തുടങ്ങിയ വകുപ്പുകളും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.