ചെന്നൈ: തന്റെ മാതാപിതാക്കളാണെന്ന അവകാശവാദം ഉന്നയിച്ചെത്തിയ മധുര സ്വദേശികളായ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്. ദമ്പതിമാര്‍ക്ക് ഇക്കാര്യം കാണിച്ചു കൊണ്ടുള്ള വക്കീല്‍ നോട്ടീസ് അയച്ചു. പത്തുകോടി രൂപയാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന്‍ എസ്. ഹാജ മൊയ്ദീന്‍ ആണ് നോട്ടീസയച്ചത്.
ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടി വരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.
തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു.