തിരുവനന്തപുരം: കെഎസ്ഇബിയില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചില്ലെങ്കില്‍ സമീപ ഭാവിയില്‍ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെ മുന്നറിയിപ്പ്. നിലവില്‍ ശമ്പള ഇനത്തിലുള്ള ചെലവ് താങ്ങാവുന്നതിലും അധികമാണ്. ഈ അവസ്ഥയില്‍ പോയാല്‍ കെഎസ്ആര്‍ടിസിയുടെ സ്ഥിതി വരുമെന്നും ഡയറക്ടര്‍ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.
2025-26 സാമ്പത്തിക വര്‍ഷം വരെ കുറയ്ക്കാവുന്ന തസ്തികകളുടെ എണ്ണം സംബന്ധിച്ച് രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഫിനാന്‍സ് ഡയറക്ടര്‍ അധ്യക്ഷനായ ഡയറക്ടര്‍മാരുടെ ഉപസമിതിയോട് ബോര്‍ഡ് നിര്‍ദേശിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് ജൂണ്‍ ആറിനകം നല്‍കണം. ഇതനുസരിച്ചുള്ള പുനസംഘടനാ നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വര്‍ഷം 1,586 ജീവനക്കാര്‍ കെഎസ്ഇബിയില്‍ നിന്ന് വിരമിക്കുന്നുണ്ട്. ബോര്‍ഡില്‍ ആകെയുള്ളത് 31,28 ജീവനക്കാരാണ്. ഒഴിവു വരുന്ന തസ്തികകളില്‍ ആവശ്യമില്ലാത്തത് നികത്തില്ല. അതുവഴി നല്ലൊരു തുക ലാഭിക്കാമെന്ന് ഡയറക്ടര്‍ ബോര്‍ഡ് കണക്കു കൂട്ടുന്നു.
ബോര്‍ഡിന്റെ ആകെ ചെലവില്‍ 27 ശതമാനവും ശമ്പളം നല്‍കാനാണ് വേണ്ടി വരുന്നതെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. അഖിലേന്ത്യാ തലത്തില്‍ വൈദ്യുതി കമ്പനികള്‍ ഇതിന് ചെലവിടുന്നത് 15 ശതമാനം മാത്രമാണ്. ശമ്പളത്തിനായി ചിലവിടുന്ന തുക കുറയ്ക്കാന്‍ സാധിച്ചാല്‍ പ്രതിസന്ധി ഒഴിവാക്കാമെന്നാണ് പ്രതീക്ഷ.