ഇടുക്കിയിലെ പട്ടയ വിതരണത്തില്‍ ക്രമക്കേടുകള്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല വിജിലന്‍സ് അന്വേഷണം

 ഇടുക്കിയിലെ പട്ടയ വിതരണത്തില്‍ ക്രമക്കേടുകള്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ഇടുക്കി പട്ടയ വിതരണത്തിലെ ക്രമക്കേടുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്. ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ തള്ളിയാണ് വകുപ്പുതല വിജിലന്‍സ് അന്വേഷണത്തിന് തീരുമാനം. മധ്യമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ഫിലിപ്പാണ് ഉദ്യോഗസ്ഥ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത്. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ഇടുക്കി ജില്ലയില്‍ പട്ടയം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടത്തിയതായി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് തഹസീല്‍ദാര്‍ വിന്‍സന്റ് ജോസഫിനെ സസ്പെന്റ് ചെയ്തിരുന്നു. വിന്‍സന്റ് ജോസഫ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സോജന്‍ പുന്നൂസ്, സെക്ഷന്‍ ക്ലര്‍ക്കുമാരായ വഹീദ, ജെസിമോള്‍ ജോസ് എന്നിവര്‍ക്കെതിരെയാണ് സര്‍ക്കാരിപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇവര്‍ക്ക് കഠിനശിക്ഷയ്ക്കുള്ള കുറ്റപത്രം നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അന്വേഷണം.

ചട്ടപ്രകാരം അസൈനബിള്‍ ലിസ്റ്റ് തയാറാക്കണമെന്ന് നിര്‍ബന്ധമാണ്. പുറമ്പോക്ക് ഭൂമി പതിച്ചു നല്‍കിയതും സീനിയോറിറ്റി പാലിക്കാതെയും പട്ടയങ്ങള്‍ നല്‍കിയെന്ന് പരിശോധനയില്‍ കണ്ടെത്തിയതാണ്. അതിനാല്‍ കുറ്റപത്രത്തിന് നല്‍കിയ മറുപടി അംഗീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അച്ചടക്ക നടപടി തുടരുന്നതിനായി വിജിലന്‍സ് ഡെപ്യൂട്ടി കളക്ടറെ അന്വേഷണത്തിന് നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.