ന്യൂഡൽഹി: വരാനിരിക്കുന്ന പണനയ അവലോകന യോഗത്തിലും നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആര്‍ബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി 4.4% ആക്കിയിരുന്നു.
ജൂണ്‍ ആറ് - എട്ട് തീയതികളില്‍ നടക്കുന്ന പണനയ അവലോകന യോഗത്തില്‍ വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കും. മെയ് നാലിനാണു അസാധാരണ യോഗം ചേര്‍ന്ന് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയത്. വിപണിയിലെ പണലഭ്യത കുറച്ച് അതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നുള്ളതാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.
ഏപ്രിലില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. 2020 മെയ് മുതല്‍ നാല് ശതമാനത്തില്‍ തുടര്‍ന്ന റിപ്പോ നിരക്കാണ് ഈ മാസം ആദ്യം ആര്‍ബിഐ ഉയര്‍ത്തിയത്.
ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വായ്പ നല്‍കുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം വിപണിയിലെ അധിക പണം തിരിച്ചെടുക്കാന്‍ റിസര്‍വ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.