മെഡിക്കല്‍ കോളജുകളില്‍ സ്റ്റാഫിന് ഐ.ഡി കാര്‍ഡ് നിര്‍ബന്ധം; രോഗിയുടെ കൂട്ടിരിപ്പിന് ഒരാള്‍ മാത്രം

മെഡിക്കല്‍ കോളജുകളില്‍ സ്റ്റാഫിന് ഐ.ഡി കാര്‍ഡ് നിര്‍ബന്ധം; രോഗിയുടെ കൂട്ടിരിപ്പിന് ഒരാള്‍ മാത്രം

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തെ തുടര്‍ന്നാണ് മന്ത്രി കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.

ഒരു രോഗിയുടെ കൂട്ടിരിപ്പിന് ഒരുസമയം ഒരാളെ മാത്രമേ അനുവദിക്കൂ. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ മറ്റൊരാള്‍ക്കുകൂടി പാസ് അനുവദിക്കൂ. എല്ലാ ആശുപത്രി സൂപ്രണ്ടുമാര്‍ക്കും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കണമെന്ന് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ആശുപത്രികളില്‍ ജീവനക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുന്നവര്‍ ഉടന്‍ സുരക്ഷാ ജീവനക്കാരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആളില്‍ നിന്നും പണം തട്ടിയ യുവാവ് പിടിയിലായിരുന്നു. പി.ജി ഡോക്ടര്‍ ചമഞ്ഞ് പരിശോധനയും തട്ടിപ്പും നടത്തിയ പൂന്തുറ സ്വദേശി നിഖില്‍ ആണ് അറസ്റ്റിലായത്. ഈ സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ്, ആശുപത്രി ജീവനക്കാരിലെ തിരിച്ചറിയല്‍ കാര്‍ഡ് കര്‍ശനമായി പരിശോധിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചത്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.