കൊച്ചി: ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ കണ്ടുവരുന്ന ജന്തു ജന്യരോഗമാണ് കുരങ്ങുപനി. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ അടുത്തിടെയാണ് കുരങ്ങുപനി പകര്‍ന്നു തുടങ്ങിയത്.
ലക്ഷണങ്ങള്‍ എന്തൊക്കെ, പകരുന്നത് എങ്ങനെ
രക്തത്തില്‍ നിന്ന് നേരിട്ടുള്ള സമ്പര്‍ക്കം, ശരീര സ്രവങ്ങള്‍, ത്വക്ക് അല്ലെങ്കില്‍ മ്യൂക്കോസല്‍ ക്ഷതങ്ങള്‍, രോഗം ബാധിച്ച മൃഗ മാംസം വേണ്ടത്ര പാകം ചെയ്യാതെ കഴിക്കുക എന്നിങ്ങനെയാണ് മൃഗത്തില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പടരുക.
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് അപൂര്‍വമായി മാത്രമാണ് രോഗം പകരുക. ശ്വാസകോശ സ്രവങ്ങളില്‍ നിന്ന്, രോഗബാധിതനായ വ്യക്തിയുടെ ചര്‍മത്തിനേല്‍ക്കുന്ന ക്ഷതത്തില്‍ നിന്ന് രോഗം പകരാം.
അണുബാധ മുതല്‍ രോഗ ലക്ഷണങ്ങള്‍ ആരംഭിക്കുന്നത് വരെയുളള ഇടവേള 6 മുതല്‍ 13 ദിവസമാണ്. ചിലപ്പോഴിത് 5 മുതല്‍ 21 ദിവസം വരെയാകാം.
പനി, ക്ഷീണം, ലിംഫഡെനോപ്പതി, പുറം, പേശി വേദന, കഠിനമായ തലവേദന, ഇതൊക്കെയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് പനിയുമുണ്ടാകും.
മുന്‍കരുതല്‍ നടപടികള്‍
സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡ് നേരം കഴുകി കൈകള്‍ വൃത്തിയായി കഴുകുക. മാംസം നന്നായി വേവിച്ച് കഴിക്കുക. അസുഖമുള്ള മൃഗവുമായി സമ്പര്‍ക്കം പുലര്‍ത്തിയ വസ്തുക്കള്‍ ഒഴിവാക്കുക. രോഗലക്ഷണങ്ങളുളളവരുമായുളള സമ്പര്‍ക്കം ഒഴിവാക്കുക.