മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു; മുത്തച്ഛനെയും പെണ്‍കുട്ടികളെയും വഴിയില്‍ ഇറക്കിവിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു; മുത്തച്ഛനെയും പെണ്‍കുട്ടികളെയും വഴിയില്‍ ഇറക്കിവിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍

തൊടുപുഴ: മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുത്തച്ഛനെയും പേരക്കുട്ടികളെയും കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ വഴിയിലിറക്കി വിട്ട ശേഷം നിര്‍ത്താതെ പോയതായി പരാതി. 7,13 വയസുള്ള പെണ്‍കുട്ടികളെയും അവരുടെ മുത്തച്ഛനെയുമാണ് വഴിയില്‍ ഇറക്കി വിട്ടതായി പരാതി. ഏലപ്പാറ കെ ചപ്പാത്ത് തേക്കാനത്ത് വീട്ടില്‍ വാസുദേവന്‍ നായര്‍ക്കും കൊച്ചുമക്കള്‍ക്കുമാണ് ദുരനുഭവമുണ്ടായത്.

23 ന് ഏലപ്പാറയില്‍ നിന്നും തൊടുപുഴയ്ക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ച വാസുദേവന്‍ നായര്‍ ചികിത്സയുടെ ആവശ്യത്തിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി വരികയായിരുന്നു. കാഞ്ഞാറിലെത്തിയപ്പോള്‍ ഇളയ കുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് എഴുന്നേറ്റു ചെന്ന് ഡ്രൈവറോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അനിഷ്ടം പ്രകടിപ്പിച്ചു.

കുട്ടിക്ക് അസ്വസ്ഥത വര്‍ധിച്ചതിനെ തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കി ഉടന്‍ തന്നെ വാഹനം ഓടിച്ചുപോയി. 20 മിനിറ്റിലേറെ വഴിയില്‍ കാത്തു നിന്ന ശേഷമാണ് ഇവര്‍ക്ക് അടുത്ത വാഹനം ലഭിച്ചത്. ജീവനക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് കാണിച്ച് തൊടുപുഴ ഡിടിഒയ്ക്ക് പരാതി നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.