കാണ്‍പൂര്‍: പതിനാറു വയസു മാത്രം പ്രായമുള്ള കൗമാരക്കാരനെ മതംമാറ്റി 24 കാരിയെ കൊണ്ട് വിവാഹം കഴിപ്പിച്ച മുസ്ലീം മതപുരോഹിതനും പെണ്‍കുട്ടിയുടെ ബന്ധുക്കളും അറസ്റ്റില്‍. സംഭവത്തില്‍ ഇതുവരെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
മതപരിവര്‍ത്തനം നടത്തിയ കേസില്‍ മുഹമ്മദ് ഹനീഫ് (42), ഭാര്യ ജമീല ബനോ (40) ഇവരുടെ മകള്‍ സിമ്രാന്‍ (24) മതപുരോഹിതനായ തൗഷീദ് (52) എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. മൂന്ന് വര്‍ഷം മുന്‍പ് വിവാഹിതയായ സിമ്രാന് ഒരു മകളുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു.
ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആണ്‍കുട്ടിയെ ശനിയാഴ്ച മുതല്‍ ഗോരഖ്പുറിലെ വീട്ടില്‍ നിന്ന് കാണാനില്ലായിരുന്നു. ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയ കുട്ടി താന്‍ സിമ്രാന്റെ വീട്ടില്‍ പോയെന്നും അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം അബോധാവസ്ഥയിലായെന്നും അമ്മയോട് പറഞ്ഞു. ഇതിന് ശഷം നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടന്നുവെന്ന് കാണിച്ചാണ് മാതാവ് പോലീസില്‍ പരാതി നല്‍കിയത്.