കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ കാബിന്‍ ക്രൂ പ്രതിയായ സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക മൊഴി പുറത്ത്. ആറ് തവണ സ്വര്‍ണം കടത്തിയെന്നാണ് മൊഴി. നാലരക്കോടി രൂപയോളം വിലവരുന്ന എട്ടര കിലോ സ്വര്‍ണമാണ് ഇതുവരെ കടത്തിയത്.
കഴിഞ്ഞ ദിവസമാണ് കാബിന്‍ ക്രൂവായ നവനീത് സിംങിനെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലെടുത്തത്. 1399 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഡല്‍ഹി സ്വദേശി നവനീതിന്റെ ഷൂസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മിശ്രിതം. ഇതില്‍ നിന്ന് 1226 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്.
ദുബായില്‍ നിന്നും കൊണ്ടു വന്ന 63.56 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ദുബായ്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സൈസ് കാബിന്‍ ക്രൂവായ നവനീതിനെ എയര്‍ ഇന്ത്യ കസ്റ്റംസ് ഇന്റലിജന്‍സാണ് കസ്റ്റഡിയില്‍ എടുത്തത്.