"റാലിയില്‍ എന്തും വിളിച്ചു പറയാമെന്നാണോ"? വിദ്വേഷ മുദ്രാവാക്യം വിളിയില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി


കൊച്ചി: ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ യുക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. മുദ്രാവാക്യം വിളിച്ചവര്‍ക്കു മാത്രമല്ല പരിപാടിയുടെ സംഘാടകര്‍ക്കും സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട്, ബജ്‌റങ് ദള്‍ റാലികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ മുന്‍പാകെ വന്ന ഹര്‍ജിയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നു പൊലീസിനു കര്‍ശന നിര്‍ദേശം നല്‍കിക്കൊണ്ടാണ് റാലികള്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നത്. ഇത്തരം മുദ്രാവാക്യങ്ങള്‍ ആരു വിളിച്ചാലും കര്‍ശന നടപടി വേണമെന്നു വ്യക്തമാക്കിയ കോടതി, റാലികളില്‍ എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നത് എന്നും ചോദിച്ചു.

പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിലെ മുദ്രാവാക്യം വിളി ദൗര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ക്കെതിരായ അന്വേഷണ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.