രാജ്യസഭ കാലാവധി തീരുന്നു: കേന്ദ്ര മന്ത്രി ആര്‍.സി.പി സിംഗ് രാജിവയ്‌ക്കേണ്ടി വരും; മോഡി തീരുമാനിക്കട്ടെയെന്ന് മന്ത്രി

രാജ്യസഭ കാലാവധി തീരുന്നു: കേന്ദ്ര മന്ത്രി ആര്‍.സി.പി സിംഗ് രാജിവയ്‌ക്കേണ്ടി വരും; മോഡി തീരുമാനിക്കട്ടെയെന്ന് മന്ത്രി

ന്യൂഡല്‍ഹി: രാജ്യസഭ കാലാവധി തീരുകയും വീണ്ടും മല്‍സരിപ്പിക്കേണ്ടെന്ന് ജനതാദള്‍ യുണൈറ്റഡ് തീരുമാനിക്കുകയും ചെയ്തതോടെ കേന്ദ്രമന്ത്രി ആര്‍.സി.പി സിംഗിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ജനതദള്‍ യു നേതാവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അപ്രീതി നേരിടേണ്ടി വന്നതാണ് സിംഗിന് തിരിച്ചടിയായത്. ജൂലൈയിലാണ് അദേഹത്തിന്റെ രാജ്യസഭ കാലാവധി തീരുന്നത്.

രാജ്യസഭയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കുന്ന ആര്‍.സി.പി. സിംഗിനു പകരം ജെഡിയു ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ ഖീരു മഹതോയ്ക്കാണ് രാജ്യസഭാ ടിക്കറ്റു നല്‍കിയത്. മന്ത്രിസഭയില്‍നിന്നു സ്വമേധയാ രാജി വയ്ക്കില്ലെന്ന് ആര്‍.സി.പി.സിംഗ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ പാര്‍ട്ടി നേതാവ് നിതീഷ് കുമാറോ ആവശ്യപ്പെട്ടാലുടന്‍ രാജി വയ്ക്കുമെന്നും ആര്‍.സി.പി.സിങ് പറഞ്ഞു.

പ്രധാനമന്ത്രി അനുവദിക്കുകയാണെങ്കില്‍ രാജ്യസഭാ കാലാവധി കഴിഞ്ഞാലും ആറു മാസം കൂടി കേന്ദ്രമന്ത്രിസ്ഥാനത്തു തുടരാന്‍ കഴിയുമെന്നതിനാലാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേശം തേടാനുള്ള നീക്കം. കേന്ദ്രമന്ത്രിസഭയില്‍ ജെഡിയുവിനുള്ള ഏക പ്രതിനിധിയാണ് ആര്‍.സി.പി.സിംഗ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.