പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്

പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്

അമൃത്സര്‍: പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മന്‍പ്രീത് സിങ്ങിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് കച്ചവടക്കാരനായ ഇയാളെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മന്‍പ്രീതിനൊപ്പം കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഡെറാഡൂണില്‍ നിന്നാണ് ഉത്തരാഖണ്ഡ് പൊലീസിന്റെ സഹായത്തോടെയാണ് ആറംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഇതിലൊരാള്‍ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗമാണ്. ഇയാള്‍ക്ക് സിദ്ധുവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.

കൊലപാതകത്തില്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡി ബ്രാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തെ പൊലീസ് നീരീക്ഷിച്ചിരുന്നു. തീഹാര്‍ ജയിലില്‍ കഴിയുന്ന ബിഷ്ണോയിയുടെ ഏറ്റവും അടുത്തയാളാണ് ഗോള്‍ഡി ബ്രാര്‍. പഞ്ചാബ് അകാലി യുവ നേതാവ് വിക്കി മിഡ്ഡുഖേരയുടെ കൊലയുടെ പ്രതികാരമാണ് സിദ്ധുവിന്റെ കൊലപാതകമെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.