പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസിന് കടിഞ്ഞാണിട്ട് ഇഡി; 33 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസിന് കടിഞ്ഞാണിട്ട് ഇഡി; 33 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി. പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെ അടക്കം 33 അക്കൗണ്ടുകളാണ് ഇഡി പൂട്ടിച്ചത്.

60 ലക്ഷത്തിലധികം രൂപ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് അക്കൗണ്ടുകളിലായി ഉണ്ടെന്ന് ഇഡി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും റിഹാബിന്റെ പത്ത് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. കള്ളപ്പണ വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി.

വിദേശത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് രാജ്യത്തേക്കെത്തിക്കുന്നതെന്നും ഇത് ഭീകര പ്രവര്‍ത്തനത്തിന് അടക്കം ഉപയോഗിക്കുന്നുവെന്നുമാണ് ഇഡി വിലയിരുത്തല്‍.

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവ് എം.കെ അഷ്റഫിനെ അറസ്റ്റ് ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്ക് നയിച്ചത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

വിവിധ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്രത്തോട് ഉന്നയിച്ചിരുന്നു. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഈ സംഘടനയ്‌ക്കെതിരേ നിരവധി കേസുകളുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെയും അവരുടെ പോഷക സംഘടനകളെയും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.