'സ്വന്തം ശരീരത്തിനുമേലുള്ള അവകാശം വ്യക്തിപരം'; അവയവ ദാനത്തിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ല: ഡല്‍ഹി ഹൈക്കോടതി

'സ്വന്തം ശരീരത്തിനുമേലുള്ള അവകാശം വ്യക്തിപരം'; അവയവ ദാനത്തിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: അവയവദാനത്തിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്വന്തം ശരീരത്തിനുമേലുള്ള അവകാശം വ്യക്തിയില്‍ അധിഷ്ഠിതമാണെന്നും കോടതി വ്യക്തമാക്കി.

പിതാവിന് അവയവദാനം ചെയ്യാന്‍ ഭര്‍ത്താവിന്റെ അനുമതി പത്രം ആവശ്യപ്പെട്ട ആശുപത്രി അധികൃതര്‍ക്കെതിരെ ഡല്‍ഹി സ്വദേശി നേഹ ദേവി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയാണ് ഹര്‍ജി പരിഗണിച്ചത്.

1994 ലെ അവയവദാന ചട്ടത്തില്‍ അടുത്ത ബന്ധുവിന് അവയദാനം ചെയ്യാന്‍ പങ്കാളിയില്‍ നിന്ന് അനുമതി ആവശ്യമാണെന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും അതുകൊണ്ട് വിവാഹിത അവയവദാനങ്ങളില്‍ ഭര്‍ത്താവിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നും കോടതി പറഞ്ഞു. നിയമപരമായി വിവാഹമോചനം നേടിയെട്ടില്ലെങ്കിലും ഹര്‍ജിക്കാരി ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇതിനിടെയാണ് പിതാവിന് വൃക്കദാനം ചെയ്യാന്‍ ശ്രമിച്ചത്.

എന്നാല്‍ ഭര്‍ത്താവില്‍ നിന്ന് അനുമതി പത്രമില്ലാതെ ശസ്ത്രക്രിയ നടത്തില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നേഹ ദേവി കോടതിയെ സമീപിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.