ന്യൂഡല്‍ഹി: ഉത്തരഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിക്ക് ഇനി ആശ്വാസത്തോടെ ഭരിക്കാം. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനായി ജയം അനിവാര്യമായിരുന്ന ധാമി ചമ്പാവട് മണ്ഡലത്തില്‍ നിന്ന് 55,121 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥിയായി ധാമി ജയിച്ചു കയറിയത്.
ആകെ പോള്‍ ചെയ്തതിന്റെ 92 ശതമാനത്തിലധികം വോട്ടും ധാമി നേടി. മുഖ്യ എതിരാളിയായ കോണ്‍ഗ്രസിലെ നിര്‍മല ഗഹ്‌തോറിക്ക് വെറും 3,213 വോട്ട് മാത്രമാണ് ലഭിച്ചത്. ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, പുഷ്‌കര്‍ സിങ് ധാമിക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു.
ഒഡീഷയിലെ ബ്രജ് രാജ് നഗറില്‍, ബിജു ജനതാദള്‍ എംഎല്‍എ കിഷോര്‍ മൊഹന്തിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ബിജെഡി സ്ഥാനാര്‍ഥി ജയത്തിന് അടുത്തെത്തി. രണ്ടാം സ്ഥാനത്ത് ബിജെപി എത്തിയപ്പോള്‍ ഒരുകാലത്ത് മണ്ഡലത്തിലെ കരുത്തായിരുന്ന കോണ്‍ഗ്രസ് ഏറെ പിന്നില്‍ പോയി.