കൊച്ചി: പി.ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പി.ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ് നടന്നു കയറിയത് സര്‍വ്വകാല വിജയത്തിലേക്ക്.
തൃക്കാക്കര മണ്ഡല രൂപീകരണത്തിനു ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ലഭിക്കാത്ത ഭൂരിപക്ഷമാണ് ഉമാ തോമസ് നേടിയത്. വോട്ടെണ്ണല്‍ പത്താം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ഭൂരിപക്ഷം 24,834 ല്‍ എത്തി.
മണ്ഡലം രൂപീകൃതമായ ശേഷം 2011 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന്‍ നേടിയ 22,404 എന്ന റെക്കോഡ് ഭൂരിപക്ഷവും മറുകടന്നുള്ള മുന്നേറ്റമാണ് ഉമാ തോമസ് കാഴ്ച വച്ചത്. ഇത് കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ള ആത്മവിശ്വാസം ഏറെയാണ്.
തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വ്വഹിച്ചുവെന്നാണ് കരുതുന്നതെന്ന് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു. പരാജയം ഇഴകീറി പാര്‍ട്ടി അന്വേഷിക്കും. സഹകരിച്ച എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അപ്രതീക്ഷിത വിജയത്തില്‍ ആറാടുമ്പോള്‍ ഇടതു മുന്നണി പ്രവര്‍ത്തകരും നേതാക്കളും പൊതുവേ മൗനത്തിലാണ്. പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് കേന്ദ്രങ്ങളിലും യുഡിഎഫ് വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. പോളിങ് ശതമാനം കുറഞ്ഞെങ്കിലും യുഡിഎഫ് വോട്ടുകളില്‍ കാര്യമായ കുറവ് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പി.ടിതോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഡോ.ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനും അങ്കക്കളരിയിലുണ്ട്.