മാസ്‌കില്ലെങ്കില്‍ വിമാനത്തില്‍ കയറ്റരുത്; നോ-ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഡല്‍ഹി ഹൈക്കോടതി

മാസ്‌കില്ലെങ്കില്‍ വിമാനത്തില്‍ കയറ്റരുത്; നോ-ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വിമാനത്തിലും എയര്‍പോര്‍ട്ടിലും മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വിമാന യാത്രക്കാരുടെ നിരുത്തരവാദപരമായ സമീപനമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തുന്നതിനൊപ്പം അത്തരക്കാരെ 'നോ-ഫ്ളൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി വ്യക്തമാക്കിയത്.

വിമാനങ്ങളിലും എയര്‍പോര്‍ട്ടുകളിലും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കോവിഡ് രൂക്ഷമായിരുന്ന സമയത്ത് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ ജസ്റ്റിസ് സി ഹരിശങ്കര്‍ ആഭ്യന്തര വിമാന യാത്ര നടത്തിയപ്പോഴുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍.

2021 മാര്‍ച്ച് അഞ്ചിന് ജസ്റ്റിസ് സി ഹരിശങ്കര്‍ കൊല്‍ക്കത്തയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് നടത്തിയ യാത്രയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തിലേക്ക് കയറുന്ന യാത്രക്കാരില്‍ പലരും ശരിയായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിമാനത്തിലെ ജീവനക്കാര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചില യാത്രക്കാര്‍ ജീവനക്കാരോട് ധിക്കാര പൂര്‍വം പെരുമാറുകയും ചെയ്തു. ഈ സാഹചര്യങ്ങളെല്ലാം മനസിലാക്കിയാണ് മാര്‍ച്ച് എട്ടിന് സ്വമേധയാ കേസ് എടുക്കുന്നത്.

എന്‍-95 മാസ്‌ക് ധരിക്കാന്‍ തയ്യാറാകാത്തവര്‍ ഒരു സര്‍ജിക്കല്‍ മാസ്‌ക് എങ്കിലും ധരിക്കണമെന്നാണ് വാദത്തിനിടയില്‍ കോടതി അഭ്യര്‍ത്ഥിച്ചത്. രാജ്യത്ത് കോവിഡ് ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളൊക്കെ മറന്ന മട്ടിലാണ് ജനങ്ങളില്‍ പകുതിയിലധികവും പെരുമാറുന്നതെന്നും കോടതി നിരീക്ഷിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.