കാന്‍സര്‍ രോഗിയായ വയോധികനെയും കൊച്ചുമക്കളെയും ബസില്‍ നിന്ന് ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കാന്‍സര്‍ രോഗിയായ വയോധികനെയും കൊച്ചുമക്കളെയും ബസില്‍ നിന്ന് ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കാന്‍സര്‍ രോഗിയായ വയോധികനെയും കൊച്ചുമക്കളെയും ബസില്‍ നിന്ന് ഇടവഴിയില്‍ ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടറായ ജിന്‍സ് ജോസഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെയ് 23 ന് ഏലപ്പാറയില്‍ നിന്നു തൊടുപുഴയിലേക്ക് യാത്ര ചെയ്യവേയാണ് സംഭവം.

73 വയസുകാരനെയും 13, 7 വയസുള്ള പെണ്‍കുട്ടികളേയുമാണ് ബസില്‍ നിന്ന് ഇറക്കിവിട്ടത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇളയ കുട്ടിക്ക് പ്രഥമികാവശ്യം നിര്‍വഹിക്കുന്നതിന് വേണ്ടി കണ്ടക്ടര്‍ ബസ് നിര്‍ത്തി സൗകര്യം ചെയ്യാതെ ബസില്‍ നിന്നു ഇറക്കി വിട്ടുകയായിരുന്നു. കെഎസ്ആര്‍ടിസി തൊടുപുഴ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ദീര്‍ഘ ദൂര യാത്ര ചെയ്യുന്ന യാത്രക്കാരന്‍ രണ്ട് പെണ്‍കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെണ്‍കുട്ടികളാണെന്ന പരിഗണന നല്‍കാതെയും, യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായ സൗകര്യം ഒരുക്കി നല്‍കാതെയും ബസില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. സംഭവം വലിയ വാര്‍ത്തയായതോടെയാണ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.