തിരുവനന്തപുരം: മില്‍മ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനോട് വിശദീകരണം തേടും.
മേയ് ആറിന് മന്ത്രിസഭായോഗം അംഗീകരിച്ച് അയച്ച ഓര്‍ഡിനന്‍സില്‍ ഒരു മാസമായിട്ടും ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല. ഓര്‍ഡിനന്‍സിന് 2021 മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയതിലാണ് ഗവര്‍ണര്‍ക്ക് സംശയം. അതിന് സര്‍ക്കാര്‍ മറുപടി നല്‍കിയാലും സഹകരണമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടേക്കാം.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചത് മന്ത്രി പി. രാജീവ് നേരിട്ടെത്തി വിശദീകരിച്ച ശേഷമായിരുന്നു. നിയമസഭ വിളിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചാല്‍ പിന്നെ ഓര്‍ഡിനന്‍സ് ഇറക്കാനാവില്ല. ഓര്‍ഡിനന്‍സ് അംഗീകാരിക്കുന്നത് വരെ നിയമസഭ വിളിക്കുന്നത് നീട്ടാം.
പ്രസിഡന്റ് ഇല്ലാത്ത ക്ഷീര സംഘങ്ങള്‍ക്ക് വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനാണ് ഭേദഗതി ഓര്‍ഡിനന്‍സ് എന്നാണ് സര്‍ക്കാര്‍ നിലപാട്. ഓര്‍ഡിനന്‍സ് അംഗീകരിച്ചാല്‍ പ്രസിഡന്റിന് പകരം അഡ്മിനിസ്ട്രേറ്ററോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ ഭരിക്കുന്ന സംഘങ്ങളില്‍ യഥാക്രമം അഡ്മിനിസ്ട്രേറ്റര്‍ക്കും നാമനിര്‍ദ്ദേശം ചെയ്ത ഒരംഗത്തിനും വോട്ടവകാശം ലഭിക്കും.
മില്‍മയുടെ തിരുവനന്തപുരം യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 56 അഡ്മിനിസ്ട്രേറ്റര്‍മാര്‍ വോട്ട് ചെയ്‌തത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.