ന്യൂഡല്‍ഹി: നിര്‍ബന്ധിതമല്ലാത്ത മതം മാറ്റം തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇഷ്‌ടപ്പെട്ട മതം സ്വീകരിക്കാനും വിശ്വസിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും അതിനാല്‍ നിര്‍ബന്ധിതമല്ലാത്ത മതം മാറ്റം തടയാനാകില്ലെന്നുമാണ് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയത്.
സമ്പത്തിക സാഹായം വാഗ്‌ദാനം ചെയ്‌തും സമ്മാനങ്ങള്‍ നല്‍കിയുമുള്ള മതം മാറ്റം തടയുന്നതിന് നിയമം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്‌ദേവ, തുഷാര്‍ റാവു ഗദേല എന്നിവരുടെ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
മതം മാറ്റം ഭരണഘടന പ്രകാരം തെറ്റല്ല. ഏത് മതത്തില്‍ വിശ്വസിക്കണമെന്നത് പൗരന്റെ അവകാശമാണ്. അത് ജനനം കൊണ്ടോ, വിശ്വാസം കൊണ്ടോ ആകാം എന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ആളുകളെ കൂട്ടമായി മതം മാറ്റുന്നതായി ഹര്‍ജിക്കാരന്‍ അഡ്വ. അശ്വനികുമാര്‍ വാദിച്ചു.
ദളിത്, ആദിവാസി വിഭാഗങ്ങളാണ് കൂടുതലും ഇതിന് ഇരയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാണ് മതം മാറ്റത്തിന് വിധേയമായതെന്നും എത്രപേരുണ്ടെന്നും വ്യക്തമാകണമെന്ന് പറഞ്ഞ കോടതി തെളിവ് ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു.
മാധ്യമ വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലെ വിവരങ്ങളുമാണ് ഹര്‍ജിക്ക് അടിസ്ഥാനമെന്ന് ഹര്‍ജിക്കാരന്‍ മറുപടി നല്‍കിയപ്പോള്‍ സര്‍ക്കാര്‍ രേഖകള്‍ മാത്രമേ തെളിവായി അംഗീകരിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.