തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനൊരുങ്ങി കേരളം. ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
പ്രാദേശിക തലത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകള്‍ ഉയരുന്നുവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കഴിഞ്ഞ ആറ് ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളത്താണ്.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 31 ശതമാനവും കേരളത്തില്‍ നിന്നാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. കേരളമടക്കം അഞ്ച് സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാനാണ് സർക്കാർ തീരുമാനം.
പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെങ്കിലും ഇപ്പോള്‍ പൊലീസ് പരിശോധന കുറവാണ്. ഇനിമുതല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുന്നത് കര്‍ശനമാക്കും. പൊതു നിരത്തുകളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കും.