പരിസ്ഥിതി ലോല മേഖല: സുപ്രീംകോടതി വിധി അപ്രായോഗികമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

പരിസ്ഥിതി ലോല മേഖല: സുപ്രീംകോടതി വിധി അപ്രായോഗികമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

ന്യൂഡൽഹി: സംരക്ഷിത വനാതിര്‍ത്തിയിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഉത്തരവില്‍ സംസ്ഥാനങ്ങളുടെ ആശങ്ക സുപ്രീം കോടതിയെ നേരിട്ടറിയിക്കാന്‍ കേന്ദ്രം. സുപ്രീം കോടതി വിധി അപ്രായോഗികമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിൽ ആശങ്ക അറിയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോ പ്രതിനിധികളോ ഈയാഴ്ച തന്നെ ഡൽഹിയിലെത്തും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി ചില മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ചക്ക് അവസരം തേടിയിട്ടുണ്ട്. സങ്കീര്‍ണ വിഷയത്തില്‍ ഇടപെടാനുള്ള സമ്മര്‍ദ്ദം കേന്ദ്രത്തിന് മേല്‍ ശക്തമാണ്.

കേരളത്തിനൊപ്പം മറ്റ് പല സംസ്ഥാനങ്ങളും ഉത്തരവില്‍ ആശങ്കയറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. അടിയന്തര ഇടപെടല്‍ തേടി വിവിധ സംസ്ഥാനങ്ങളിലെ എംപിമാര്‍ വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
സംരക്ഷിത വനമേഖലക്ക് സമീപം ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമായും വേണമെന്ന സുപ്രീം കോടതി ഉത്തരവ് അപ്രായോഗികമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

ജനവാസ മേഖല ഒഴിവാക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കേരളം മാത്രമല്ല ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക , ഗോവ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉത്തരവില്‍ ഇളവ് തേടിയിട്ടുണ്ട്.

പരിസ്ഥിതി ലോല മേഖലയുടെ വീതി സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവ് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉന്നതാധികാരസമിതിയെയും പരിസ്ഥിതി മന്ത്രലയത്തെയും സമീപിക്കാവുന്നതാണെന്ന് കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടി കോടതിയെ ആശങ്കയറിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ഉന്നതാധികാര സമിതിയും വനം-പരിസ്ഥിതി മന്ത്രാലയവും കോടതിയില്‍ നല്‍കുന്ന ശുപാര്‍ശ പ്രധാനമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.