കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസ് അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്ന എ ഡി ജി പി ക്വാറന്റീനിലായതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടി ചോദിക്കുകയായിരുന്നു.
അതേസമയം നടനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തുടരും. ഇനി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പീഡനം നടന്നിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നുമാണ് നടന്റെ വാദം. പരാതിക്കാരിയായ നടിയുടെ പേര് പുറത്തുവിട്ട കേസില്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയും വെള്ളിയാഴ്ച കോടതി പരിഗണിക്കും.
നിരവധി തവണ ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഏപ്രില്‍ 22നാണ് നടനെതിരെ യുവനടി പൊലീസില്‍ പരാതി നല്‍കിയത്. ഇതിനു പിന്നാലെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു പരാതിക്കാരിയുടെ പേര് പുറത്തു വിട്ടത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.