ബംഗളൂരു: അടുത്തിടെ കാശ്മീരില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീര്‍ പൊലീസാണ് താലിബ് ഹുസൈന്‍ എന്ന ഹിസ്ബുള്‍ കമാന്‍ഡറെ ബംഗളൂരുവിലെത്തി പിടികൂടിയത്.
ഈ കേസുകളുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീര്‍ പൊലീസിന് സംസ്ഥാനം എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. കേസന്വേഷണം തുടരുകയാണ്. അതിന്റെ ഭാഗമായാണ് ഈ അറസ്റ്റും നടന്നത്. പൊലീസ് എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് ജമ്മു കാശ്മീര്‍ പൊലീസിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഭട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരില്‍ ഒരാളെ തങ്ങള്‍ അറസ്റ്റ് ചെയ്‌തെന്നും മറ്റൊരാളുടെ പിന്നാലെയാണെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ഒരു സര്‍ക്കാര്‍ ഓഫീസില്‍ നടന്ന ആക്രമണത്തില്‍ റവന്യൂ ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ട് കൊല്ലപ്പെട്ടത്.
കൂടാതെ അമ്രീന്‍ ഭട്ട് കേസിലെ രണ്ട് ഭീകരരെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. വിജയ് കുമാറിന്റെ കൊലപാതകത്തിലെ ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഐ ജി അറിയിച്ചു. കഴിഞ്ഞ രണ്ടിനാണ് കാശ്മീരിലെ ബാങ്ക് മാനേജറായ രാജസ്ഥാന്‍ സ്വദേശിയായ വിജയ് കുമാര്‍ കൊല്ലപ്പെട്ടത്.