പിണറായിക്ക് മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ അര്‍ഹതയില്ല; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: വി.ഡി സതീശന്‍

പിണറായിക്ക് മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ അര്‍ഹതയില്ല; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: വി.ഡി സതീശന്‍

തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ സ്വപ്ന സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയും യോഗ്യതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കസ്റ്റംസിന് സ്വപ്ന നല്‍കിയതും കോടതിയില്‍ 164 പ്രകാരം നല്‍കിയതും ഒരേ മൊഴികളാണ്. കസ്റ്റംസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണം നിലച്ചത്.

സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായാണ് അന്വേഷണം എങ്ങുമെത്താതെ പോയത്. സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചേ മതിയാകൂ. പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം കൊണ്ട് കാര്യമില്ലെന്നും സതീശന്‍ വ്യക്തമാക്കി.

സോളാര്‍ കേസില്‍ കുറ്റാരോപിതയുടെ കൈയില്‍ നിന്നും പരാതി എഴുതി വാങ്ങി മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്ത സര്‍ക്കാരാണിത്. അങ്ങനെയുള്ളവര്‍ക്ക് മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. പിണറായിക്കും ഉമ്മന്‍ ചാണ്ടിക്കും വ്യത്യസ്ത നീതി നല്‍കുന്നത് ശരിയല്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.