ഇറാന്‍ വിദേശകാര്യ മന്ത്രി ഡല്‍ഹിയിലെത്തി; എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

ഇറാന്‍ വിദേശകാര്യ മന്ത്രി ഡല്‍ഹിയിലെത്തി; എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. ഹൊസൈന്‍ അമിര്‍ അബ്ദുള്ളഹിയാന്‍ ഇന്ത്യയില്‍ എത്തി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. വാണിജ്യ-വിദേശകാര്യ മേഖലയില്‍ ശക്തമായ സഹകരണം ഇരുരാജ്യങ്ങളും ഉറപ്പ് നല്‍കി. ഡോ.ഹൊസൈന്റെ വിദേശകാര്യമന്ത്രി എന്ന നിലയിലെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

ഇന്ത്യയുമായുള്ള പതിവ് വിദേശകാര്യ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം. ഡല്‍ഹി സന്ദര്‍ശനത്തെ തുടര്‍ന്ന് മുംബൈയിലും ഹൈദ്രാബാദിലും സന്ദര്‍ശനം നടത്തിയതിന് ശേഷം ഡോ.ഹൊസൈന്‍ മടങ്ങും.

'ഇറാന്‍ വിദേശകാര്യമന്ത്രി ഡോ.ഹൊസൈന്‍ അമിര്‍-അബ്ദുള്ളഹിയാന് ഇന്ത്യയുടെ സ്വാഗതം. ഇറാനുമായുള്ള വിദേശകാര്യ-വാണിജ്യ സഹകരണം ഏറെ ശക്തമാണ്. സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും നൂറ്റാണ്ടുകളുടെ ബന്ധമാണ് ഇറാനുമായിട്ടുള്ളത്. നിലവിലെ സന്ദര്‍ശനം ചരിത്രപരമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും' വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

ഇന്ത്യയും ഇറാനും വാണിജ്യ നിര്‍മ്മാണ മേഖലകളില്‍ ശക്തമായ ബന്ധമാണുള്ളത്. തെക്ക് കിഴക്കന്‍ ഏഷ്യയേയും മധ്യേഷ്യയേയും ബന്ധപ്പെടുത്തിയുള്ള കൂട്ടായ്മക്കുമാണ് ഇന്ത്യ-ഇറാന്‍ സഹകരണം ഗുണമാകുന്നത്.

ഇറാന്റെ ഛബഹാര്‍ തുറമുഖവും ഗുജറാത്ത് തുറമുഖവുമാണ് ഇരു രാജ്യങ്ങളേയും പരസ്പരം ബന്ധപ്പെടുത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.