തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ട്രോളിങ് ബോട്ടുകള്‍ക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഉള്ളത്. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. ഇതോടെ 4,200-ലധികം വരുന്ന ട്രോളിങ് ബോട്ടുകള്‍ അര്‍ധരാത്രി മുതല്‍ കടലില്‍ പോകില്ല.
അയല്‍ സംസ്ഥാനത്തെ ബോട്ടുകള്‍ നിരോധനത്തിന് മുമ്പേ തീരം വിട്ടു പോകണമെന്നാണ് നിര്‍ദേശം. അതേസമയം പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. മത്സ്യ ലഭ്യതയിലെ കുറവും വര്‍ധിച്ച മത്സ്യബന്ധന ചിലവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ ട്രോളിങ് നിരോധനം കൂടി എത്തിയതോടെ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഇന്ധന വില വര്‍ദ്ധനവില്‍ നട്ടം തിരിയുന്ന മത്സ്യമേഖലയെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. യാനങ്ങളുടെ നവീകരണത്തിന് പലിശ രഹിത വായ്പ അനുവദിക്കണമെന്നും മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ പരിഗണന വേണമെന്നുമാണ് മത്സ്യ തൊഴിലാളികളുടെയും ബോട്ടുടമകളുടെയും ആവശ്യം.
സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് സര്‍ക്കാരും വാഗ്ദാനം നല്‍കിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലത്ത് സര്‍ക്കാര്‍ സഹായമാണ് മത്സ്യ തൊഴിലാളികളുടെ ഏക പ്രതീക്ഷ.