കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ഡോളര്‍ കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരില്‍ ഒരാള്‍ തന്നെ വന്നു കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ഹൈക്കോടതി കൊടുത്തിരിക്കുന്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിച്ചു.
പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും, കുട്ടികള്‍ ഒറ്റയ്ക്ക് ആവുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ സ്വപ്ന സുരേഷ് പറയുന്നു.
കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് സ്വപ്‌ന സംശയനിഴലില്‍ നിര്‍ത്തിയിരിക്കുന്ന ഷാജി കിരണ്‍. ഏഷ്യാനെറ്റ്, ജയ്ഹിന്ദ്, ഇന്ത്യ വിഷന്‍ ചാനലുകളില്‍ ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്.
രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്‍വലിക്കണമെന്നും ഇത് പിന്‍വലിച്ചു കൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഷാജി കിരണ്‍ ആവശ്യപ്പെട്ടിരുന്നെന്നും സ്വപ്‌ന പറയുന്നു. ഇയാള്‍ തന്നോട് പറഞ്ഞ കാര്യങ്ങളുടെ ഒരു ഭാഗം താന്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയാറാണെന്നും സ്വപ്ന ഹര്‍ജിയില്‍ ആരോപിക്കുന്നു.