സ്വപ്നയെ പരിചയമുണ്ട്, പക്ഷേ ഭീഷണിപ്പെടുത്തിയിട്ടില്ല; മുഖ്യമന്ത്രിയെ നേരിട്ടറിയില്ല: ഷാജ് കിരണ്‍

സ്വപ്നയെ പരിചയമുണ്ട്, പക്ഷേ ഭീഷണിപ്പെടുത്തിയിട്ടില്ല; മുഖ്യമന്ത്രിയെ നേരിട്ടറിയില്ല: ഷാജ് കിരണ്‍

കൊച്ചി: സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടയുള്ള സിപിഎം നേതാക്കളെയോ പരിചയമില്ലെന്നും ഷാജ് കിരണ്‍. മുഖ്യമന്ത്രിക്കു വേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. മറ്റ് സിപിഎം നേതാക്കളെയും അറിയില്ല. കോണ്‍ഗ്രസുകാരുമായോ ബിജെപിക്കാരുമായോ ബന്ധമില്ല. ഞാന്‍ ഒരു മുന്‍ മാധ്യമ പ്രവര്‍ത്തകനാണ്. സ്വപ്നയുമായുള്ളത് സൗഹൃദം മാത്രം.

ജാമ്യത്തിലിറങ്ങിയ ശേഷമാണ് അവരെ പരിചയപ്പെട്ടത്. സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. മുഖ്യമന്ത്രിക്ക് വേണ്ടി താന്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് ഷാജ് കിരണ്‍ പറഞ്ഞു.

സ്വപ്നയുടെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ ഇന്നലെ പോയിരുന്നു. ഒരു സുഹൃത്തിന്റെ വാഹനത്തിലാണ് പോയത്. മൊഴി തിരുത്താന്‍ സ്വപ്നയോട് ആവശ്യപ്പെട്ടിട്ടില്ല. വിഡ്ഢിത്തം കാണിക്കരുതെന്ന് അവരെ ഉപദേശിച്ചു. അവരുടെ സുരക്ഷ കണക്കിലെടുത്താണ് അങ്ങനെയൊരു ഉപദേശം നല്‍കിയത്. ഞാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ ഉണ്ടെങ്കില്‍ പുറത്തു വിടട്ടെയെന്നും ഷാജ് കിരണ്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.