പാലക്കാട്: ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കുട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. കേസില്‍ പതിനൊന്നാം സാക്ഷിയായ ചന്ദ്രനാണ മൊഴി മാറ്റിയത്. ഇയാള്‍ കൊല്ലപ്പെട്ട മധുവിന്റെ ബന്ധുവാണ്.
മധുവിനെ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു ചന്ദ്രന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും ചന്ദ്രന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പൊലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് ചന്ദ്രന്‍ വിസ്താരത്തിനിടെ പറഞ്ഞത്. ചന്ദ്രന്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍ ഇന്നലെ കൂറുമാറിയിരുന്നു. രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറിയത് കേസിനെ സാരമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്ന് മധുവിന്റെ കുടുംബാംഗങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു.