തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ ഭീഷണിയും സമ്മര്‍ദവും ചെലുത്തി എന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം സ്വപ്ന സുരേഷ് ഇന്നു പുറത്തുവിട്ടേക്കും.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കാന്‍ ആവശ്യമായ ശബ്ദരേഖ കയ്യില്‍ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്ന് ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചതെന്നും സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം. അതേസമയം, സ്വപ്നയുടെ രഹസ്യ മൊഴി ലഭിക്കുന്നതിനുള്ള ഇഡിയുടെ അപേക്ഷ കോടതി ഇന്നു പരിഗണിച്ചേക്കും.
അതിനിടയില്‍ സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കി സ്വപ്‌ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ ദേശീയ ചാനലുകള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സിപിഎമ്മിനും മുഖ്യമന്ത്രിക്കും വലിയ തലവേദനയാണ് സ്വപ്‌നയുടെ തുറന്നു പറച്ചിലുകള്‍ സൃഷ്ടിക്കുന്നത്.